നെന്മാറ: കാടിറങ്ങി കൃഷിയിടങ്ങളിലേക്ക് എത്തുന്ന വന്യമൃഗങ്ങളുടെ ശല്യംമൂലം തുടർച്ചയായി കൃഷിനാശം നേരിടുന്ന കർഷകർക്ക് ആശ്വാസമായി നെന്മാറ ഗ്രാമപഞ്ചായത്ത് സോളാർവേലി സ്ഥാപിക്കുന്നതിന് സഹായധനം നൽകുന്ന പദ്ധതി നടപ്പാക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സോളാർവേലി സ്ഥാപിക്കുന്നതിന് 50 ശതമാനം സബ്സിഡി അനുവദിക്കുന്നത്.
നെല്ലിയാമ്പതി വനമേഖലയോട് ചേർന്നുള്ള നെന്മാറ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി, കാട്ടാന, മാൻ തുടങ്ങിയ വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങി വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് പതിവായിരിക്കുകയാണ്. വാഴ, തെങ്ങ്, പച്ചക്കറി, കപ്പ, നെൽകൃഷി ഉൾപ്പെടെയുള്ള വിവിധ കാർഷികവിളകൾക്ക് വലിയതോതിൽ നാശം സംഭവിക്കുന്ന സാഹചര്യത്തിലാണ് കർഷകരെ സംരക്ഷിക്കുന്നതിനും കൃഷി നിലനിർത്തുന്നതിനുമായി സോളാർവേലി പദ്ധതിക്ക് രൂപം നൽകിയത്.
പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ എട്ട് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സോളാർവേലി സ്ഥാപിക്കുന്നതിനുള്ള ചെലവിന്റെ 50 ശതമാനം ഗ്രാമപഞ്ചായത്ത് സബ്സിഡിയായി നൽകും. ശേഷിക്കുന്ന തുക ഗുണഭോക്താക്കൾ വഹിക്കേണ്ടതാണ്.
വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങൾക്ക് പദ്ധതിയിൽ മുൻഗണന നൽകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. സുനിൽ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സഹായധനം ലഭിക്കാൻ താത്പര്യമുള്ള കർഷകർ ആവശ്യമായ രേഖകൾ സഹിതം നെന്മാറ ഗ്രാമപഞ്ചായത്ത് ഓഫീസിലോ ബന്ധപ്പെട്ട കൃഷിഭവനിലോ അപേക്ഷ സമർപ്പിക്കണം. അപേക്ഷകളുടെ പരിശോധനയ്ക്ക് ശേഷം അർഹരായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. പദ്ധതി വിജയകരമായി നടപ്പായാൽ വന്യമൃഗശല്യം മൂലമുള്ള കൃഷിനാശം കുറയ്ക്കാനും കാർഷികമേഖലയിൽ കർഷകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകാനും സാധിക്കുമെന്നാണ് ഗ്രാമപഞ്ചായത്തിന്റെ പ്രതീക്ഷ.
വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലെ കർഷകർ ഏറെ പ്രതീക്ഷയോടെയാണ് പദ്ധതിയെ കാണുന്നത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് കൃഷിയിടങ്ങൾ സംരക്ഷിക്കാനും കാർഷിക ഉത്പാദനം വർധിപ്പിക്കാനും സോളാർവേലി പദ്ധതി സഹായകരമാകുമെന്ന് കർഷകർ അഭിപ്രായപ്പെട്ടു.